ജാലകം

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

മഴ


              മഴയാണ്. ജനലിനപ്പുറത്ത്  ഇറയോടുകളില്‍നിന്ന് മഴനാരുകള്‍ വെളുക്കെ ചിരിച്ചുകൊണ്ട് മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നു. മുറ്റത്തെ മണലില്‍ മഴയുടെ തിറയാട്ടം. ഓട്ടിന്‍പുറത്ത് മഴ കലാശക്കൊട്ടു കൊട്ടുന്നു. തൈമാവിന്റെ നനയുന്ന ചില്ലകള്‍ കാറ്റില്‍ ഉലയുന്നു.
                മഴയുടെ ലക്ഷണമൊന്നും കണ്ടിരുന്നില്ലല്ലോ. ഇത്ര പൊടുന്നനെ എവിടെനിന്നാണ് കാര്‍മേഘങ്ങള്‍ എത്തിയത് എന്ന് അവള്‍ ചിന്തിക്കേ കാറ്റ് കരുത്തു കാട്ടി. മാവിന്‍ചില്ലകളെ ഒന്നാകെ ഉലച്ചശേഷം പാഞ്ഞുവന്ന് അവളുടെ കവിള്‍ത്തടങ്ങളില്‍ ഈറന്‍ വിരലുകളാല്‍ തഴുകിക്കൊണ്ട് മുറിയ്ക്കകത്തേക്ക് കടന്നുപോയി. ജലകണങ്ങള്‍ മുഖത്തു വീണപ്പോള്‍ അവളൊന്നു പിടഞ്ഞു. ജനലഴികളിലെ പിടിവിട്ട് കുനിഞ്ഞുനിന്ന്‌ അവള്‍ പാവാടത്തുമ്പു കൊണ്ട് മുഖമൊപ്പി. എന്നിട്ടും നേര്‍ത്ത തണുപ്പ് മുഖത്തു ബാക്കിനിന്നു. 
                 ജനലഴികളില്‍ പിടിച്ച് വീണ്ടും അവള്‍ മഴയിലേക്ക്‌ മടങ്ങി. ആക്രമിക്കപ്പെട്ട ഒരു അഭയാര്‍ഥിക്കൂട്ടം പോലെ ശബ്ദകോലാഹലങ്ങളോടെ മഴ ആകാശത്തുനിന്നു ഭൂമിയിലേക്ക്‌ ചിതറിപ്പായുന്നു. കാറ്റ് മഴയുടെ മേളത്തില്‍ ഇടങ്കോലിടുന്നു. മഴയ്ക്ക്‌ ചുവടു പിഴക്കുന്നു. കാരുണ്യത്തിന്റെ  മുഖം മാറ്റിവെച്ച് കാറ്റിനോട് എതിരിടാനായി മഴ കോപം കൊള്ളുന്നു. 
                   പരീക്ഷാഹാളില്‍ ഭൂമിയില്‍നിന്നു ആകാശത്തേക്ക് പെയ്യുന്ന മഴയെ കിനാവുകണ്ട്  ഇരിക്കുന്ന വെളുത്തു കൊലുന്നനെയുള്ള  പെണ്‍കുട്ടിയെ അവള്‍ ഓര്‍ത്തു. കൂട്ടുകാരി പണ്ടെന്നോ എഴുതിയ കഥയിലെ പെണ്‍കുട്ടി. കൂട്ടുകാരിയെന്തേ എഴുത്ത് നിര്‍ത്തുവാനെന്നു ഒരിക്കല്‍ക്കൂടി അവള്‍ സ്വയം ചോദിച്ചു . അവള്‍ക്കു മറുപടി കിട്ടിയില്ല.     മുമ്പൊരിക്കല്‍ കൂട്ടുകാരിയോടുതന്നെ ചോദിച്ചതാണ്. അവളും മറുപടി തന്നില്ല. ഉത്തരമേ ഇല്ലാത്ത ഒരു ചോദ്യമാണ് അതെന്ന് ഇപ്പോള്‍ അവള്‍ക്കു തോന്നി.
                     ഭൂമിയില്‍നിന്നു ആകാശത്തേക്ക് പെയ്യുന്ന മഴ ഒരു പൊട്ടിപ്പെണ്ണിന്റെ കിനാവാണെന്നും അതിനപ്പുറത്ത് കൃത്രിമത്വം ചുവയ്ക്കുന്ന ഒരു തമാശയെന്ന മാനമേ അതിനുള്ളുവെന്നും ചേട്ടന്‍ പറഞ്ഞതുകൊണ്ടാണോ കൂട്ടുകാരി എഴുത്ത് നിര്‍ത്തിയതെന്ന് ഇപ്പോഴവള്‍ സംശയിക്കുവാന്‍ തുടങ്ങി.
                       കൂട്ടുകാരിയെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ വട്ടമെത്തിനിന്നപ്പോള്‍ മഴയില്‍ കുളിക്കുന്ന ചുറ്റുപാടുകള്‍ അവള്‍ കണ്ടു. ഇതുവരെയും കണ്ണുകള്‍ മഴയില്‍ത്തന്നെയായിരുന്നുവെങ്കിലും മഴ കാണുകയുണ്ടായില്ലെന്നു അവള്‍ ഓര്‍ത്തു. അപ്പോള്‍ തൈമാവിന്റെ പച്ചിലപ്പടര്‍പ്പിനുള്ളില്‍നിന്ന് ഒരു മഞ്ഞക്കിളി പുറത്തുവന്നു. അത് ആഹ്ലാദത്തോടെ ചിലച്ചുകൊണ്ട് മഴനാരുകള്‍ക്കിടയിലൂടെ പറന്നകന്നു. കിളിമാഞ്ഞ ദിക്കില്‍  വേലിക്കപ്പുറത്ത് ഒരു തല പതിയെ നീങ്ങുന്നത് അവള്‍ കണ്ടു. ആ തല നോക്കിനില്‍ക്കെ മഴയത്ത് കൂസലില്ലാതെ നടന്നുനീങ്ങുന്ന അതിന്റെ ഉടമയെ അവള്‍ തിരിച്ചറിഞ്ഞു.
                            മഴക്കാലത്ത് ഉണ്ണിക്ക് ജാനുച്ചേച്ചിയില്‍നിന്നു അടി കിട്ടാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അവള്‍ക്കു ഓര്‍മ്മ വന്നു. കുടയെടുക്കുന്ന ശീലം പണ്ട് സ്കൂളില്‍ പോകുന്ന കാലത്തേ ഉണ്ണിക്കില്ല. അവന് പ്രാന്താണെന്നു ചേട്ടന്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു. മഴകൊണ്ട്‌ നടക്കുന്ന പ്രാന്ത്! വേനല്‍ക്കാലത്ത് കുട്ടാടന്‍പാടത്ത്  വെകിളിക്കാറ്റും വെയിലുമേറ്റ് നടക്കുന്ന പ്രാന്ത് !  മഴയും വെയിലും മനുഷ്യര്‍ക്കുകൂടി കൊള്ളാനുള്ളതാണെന്നത്രേ ഉണ്ണി ചേട്ടനോട് പറഞ്ഞത്. 
                               വേലിക്കപ്പുറത്ത്  ഉണ്ണിയുടെ തല കാണാതായപ്പോള്‍ അവള്‍ വീണ്ടും മഴ കാണുവാന്‍ തുടങ്ങി. മഴയ്ക്ക്‌ കരുത്തു കൂടിയിരുന്നു. അലമാരിക്കു മുകളില്‍ പൊടിപിടിച്ചു കിടക്കുന്ന തന്റെ പഴയ ചുവപ്പുകുട തപ്പിയെടുത്തുചൂടി ഇടവഴികളിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്നത് അവള്‍ സങ്കല്പിച്ചുനോക്കി. സ്കൂളില്‍ പോയിരുന്ന കാലത്ത് അങ്ങനെയൊക്കെ നടന്നിട്ടുണ്ട്. ചുറ്റും ആരവത്തോടെ മഴ പെയ്യുമ്പോള്‍, അപ്പോള്‍ മാത്രം ഉറക്കെ പാട്ടുപാടിയിട്ടുണ്ട്. സ്കൂളിനും വീടിനും ഇടയിലുള്ള ഇടിഞ്ഞമര്‍ന്ന വയല്‍വരമ്പുകളിലും ഇടവഴികളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാല്‍പ്പടം കൊണ്ട് പടക്കം പൊട്ടിച്ചിരുന്ന കൊച്ചുടുപ്പുകാരിയെ ഓര്‍ത്തപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു തിളക്കം തെന്നി.
 "നീയിപ്പോ കൊച്ചു കുട്ട്യോന്നല്ല .....ആണ്കുട്ട്യോളായുള്ള ചങ്ങാത്തോക്കെ നിര്‍ത്ത്യെ പറ്റൂ....."
മനസ്സിന്റെ ചക്രവാളങ്ങളില്‍ അരുണിമ പറയുന്നതിനു പിറകെവന്ന ദിനങ്ങളില്‍ ഒന്നിലാണ് കൈവിലങ്ങ് പോലുള്ള വാക്കുകളും അദൃശ്യമായ ഒരു കാല്ച്ചങ്ങലയും അവകാശമായി വന്നതെന്ന്  അവള്‍ ഓര്‍ത്തു. 
                                 കാറ്റ് ഒരിക്കല്‍ക്കൂടി കരുത്ത് കാട്ടിയപ്പോള്‍ ജനല്‍പ്പാളികള്‍ ഒച്ചയോടെ അടഞ്ഞു. അടഞ്ഞ ജനലിനുപിറകില്‍ നില്‍ക്കുമ്പോള്‍ എന്തിനെന്നറിയാതെ അവള്‍ ആ പെണ്‍കുട്ടിയെ ഓര്‍ത്തു; ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് പെയ്യുന്ന മഴയെ കിനാവു കാണുന്ന പെണ്‍കുട്ടിയെ. ‍  ‍
                                                                  
 
         

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഛായാഗ്രഹണം
                                                              

അവർ രണ്ടുപേരും ഒരുമിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വിനോദും ഭാര്യയും. അയാൾ തനിയെ ഇറങ്ങാൻ തുടങ്ങിയതായിരുന്നു. ക്യാമറാകിറ്റ് ചുമലിൽ തൂക്കിയതിനു ശേഷമാണ് കൂടെയിറങ്ങാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിച്ചത്.
'പെട്ടെന്നിറങ്ങണം.' അയാൾ ആവശ്യപ്പെട്ടു.
അവൾ വൈകിക്കുമോ എന്ന ആശങ്ക അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു. അവൾക്കു അത് മനസ്സിലായെന്നു വേണം കരുതുവാൻ. തിരക്കിട്ട് മുഖം കഴുകിത്തുടച്ച് വീടിന്റെ ലോക്കുമെടുത്ത് അവൾ പുറത്തിറങ്ങി.
ഇരുട്ടു നേർത്ത പുലർകാലത്തിന്റെ വഴി. തെങ്ങിൻതോപ്പുകൾക്കിടയിലൂടെ, ഉറക്കമുണരാത്ത ഇടവഴികൾ ചവിട്ടി അവർ പടിഞ്ഞാറോട്ടു നടന്നു.
രണ്ടു കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു വയൽപ്പരപ്പിലേക്ക് അങ്ങെത്തിയപ്പോഴേക്ക് പുലർകാലം പ്രഭാതത്തിനു വഴിമാറിത്തുടങ്ങിയിരുന്നു. അതുവരെയും അയാൾ ഒന്നും മിണ്ടിയിരുന്നില്ല. അവൾ അത് അറിഞ്ഞുമില്ല. അവൾ…..മൃദുലയെന്ന പെണ്ണ്! ഒരിക്കൽപ്പോലും ഒരു പുലർകാലത്തിലൂടെ നടന്നിട്ടില്ലാത്തവൾ.  പുതിയ അനുഭവം മാത്രം മതിയായിരുന്നു അവൾക്ക് മറ്റെല്ലാം മറക്കാൻ.
വയൽപ്പരപ്പിന്റെ പ്രഭാതഭംഗി അയാളെടുത്ത ഫോട്ടോകളിൽ പലപ്പോഴായി അവൾ കണ്ടിട്ടുണ്ട്. വയലുകൾക്ക് അതിരിടുന്ന തെങ്ങിൻ നിരകളുടെ ഓലത്തുമ്പുകളിലൂടെ ഉദയത്തിനു മുമ്പുള്ള വെള്ളിവെളിച്ചം ഊർന്നിറങ്ങുന്നതും അതു വയലുകളിലേക്ക് ഇറങ്ങിയെത്തി പരക്കുന്നതുമൊക്കെ നേരിൽ കാണണമെന്നു തോന്നുകയാലണ് അവൾ അയാളോടൊപ്പം ഇറങ്ങിത്തിരിച്ചത്.
ഇപ്പോൾ നോക്കൂ……..
ഒഴിഞ്ഞ വയലുകളിലെ വേനൽ വഴി നിറഞ്ഞ പുകമഞ്ഞിന്റെ അവ്യക്ത പ്രഭാതത്തിലൂടെ നീണ്ടുനടക്കുന്ന അയാളെ കാണുന്നില്ലേ?....ഇതാ അവൾ അല്പം പിറകലാണ്. അയാളുടെയൊപ്പം നടക്കുവാൻ അവൾ ശ്രമിച്ചതാണ്. സാധിച്ചില്ല. തനിക്ക് അതിനു കഴിയില്ലെന്നു ബോധ്യമായപ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും തനിക്കും അയാൾക്കുമിടയിലുള്ള ദൂരം അധികരിക്കരുതെന്ന് അവൾ ആഗ്രഹിച്ചു. അങ്ങനെയുണ്ടാകുമോയെന്ന് ഭയക്കുകയും ചെയ്തു.
അയാൾ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അയാൾ നോക്കുന്നത് കിഴക്ക് ആകത്തേക്കാണെന്ന് അവൾക്ക് മനസ്സിലായി. ഏതോ മാസികയുടെ ജനുവരി ലക്കത്തിനു മുഖച്ചിത്രമായി ഉദയത്തിന്റെ ഒരു ഫോട്ടോ ആവശ്യപ്പെട്ടിട്ടുള്ളതായി കഴിഞ്ഞ രാത്രിയിൽ അയാൾ പറഞ്ഞിരുന്നുവെന്ന് അവൾക്ക് ഓർമ്മ വന്നു.
വയലുകൾക്ക് നടുവിലുള്ള തുരുത്തിന്റെ മാട്ടം കയറി മൃദുലയെത്തുമ്പോൾ വിനോദ് ക്യാമറയും ലെൻസുകളും പുറത്തെടുത്തു കഴിഞ്ഞിരുന്നു. ഇടയ്ക്കിടെ കിഴക്കനാകാശത്തേക്ക് കണ്ണയച്ചുകൊണ്ട് അയാൾ അവ സെറ്റ് ചെയ്യുന്നതും നോക്കി അവൾ നിന്നു. ക്യാമറ സ്റ്റാണ്ടിൽ ഘടിപ്പിച്ച ശേഷം അയാൾ വ്യൂഫൈണ്ടറിൽ കണ്ണുചേർത്തു.
'മൃദുലാ ഇതെങ്ങനെയുണ്ടെന്നു നോക്ക്' ക്യാമറയ്ക്കു പിന്നിൽനിന്ന് എഴുന്നേറ്റുമാറിയ ശേഷം അയാൾ പറഞ്ഞു.
'എനിക്കെന്തറിയും?' അവൾ ചോദിച്ചു.
'ഒരു കാഴ്ചകണ്ടാൽ നല്ലതോ ചീത്തയോ എന്ന് പറയാനാവുമല്ലോ. അതു മതി.'
ക്യാമറയിൽ തൊടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവൾ കുനിഞ്ഞിരുന്നു.

വ്യൂഫൈണ്ടറിൽ നിറങ്ങളണിഞ്ഞ മേഘത്തുണ്ട്. അതിനു പിറകിൽനിന്ന് ചിതറിയുയരുന്ന ഉദയപ്രകാശം. താഴെ പുകമഞ്ഞിന്റെആവരണമഴിയാത്ത വയലുകൾ. മേഘത്തുണ്ടിനും വയലുകൾക്കുമിടയിൽ അതിർത്തി രേഖ പോലെ തെങ്ങിൻ നിരകൾ…….
മരച്ചില്ലകൾക്കിടയിലൂടെയുള്ള ആ കാഴ്ച അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു.
'നന്നായിരിക്കുന്നു.' ക്യാമറയിൽ നിന്ന് പിൻവലിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
അയാൾ വീണ്ടും ക്യാമറയ്ക്കു പിന്നിൽ ഇരുന്നു, ഫോക്കസ് കൃത്യമാക്കാനുള്ള ശ്രമത്തിൽ മുഴുകി. മേഘത്തുണ്ടിനു പിറകിൽനിന്ന് സൂര്യമുഖത്തിന്റെ ഒരു തെല്ല് കനൽനിറത്തിൽ ഉയർന്നു. വ്യൂഫൈണ്ടറിൽ നിന്നു പിൻവാങ്ങി അയാൾ റിലീസ്ബട്ടൺ അമർത്തി.
അയാൾ വീണ്ടും ക്യാമറ ലോഡു ചെയ്തുകൊണ്ടിരിക്കേ മൃദുലയുടെ ശ്രദ്ധ അടുത്തുള്ള ചെറിയ കുളത്തിലേക്കു വഴുതി. കുളത്തിലെ ജലത്തിൽ വൄക്ഷത്തലപ്പുകളുടെ അവ്യക്തമായ നിഴലുകൾ. തനിക്ക് ഫോട്ടോഗ്രഫി അറിയുമായിരുന്നുവെങ്കിൽ ആ കാഴ്ച പകർത്തുവാൻ
ശ്രമിക്കുമായിരുന്നുവെന്ന് അവൾ വിചാരിച്ചു.
'ഇത് എടുക്കാൻ പറ്റില്ലേ? ' അവൾ ചോദിച്ചു
'ലൈറ്റ് പോരാ' ക്യാമറ സ്റ്റാണ്ടോടെ ഉയർത്തിക്കൊണ്ട് അശ്രദ്ധമായി അയാൾ പറഞ്ഞു.
'മുളങ്കൂട്ടിലെ സൂര്യോദയം' കുളത്തിനടുത്തുള്ള മുളങ്കൂടിനു സമീപം ക്യാമറ സ്ഥാപിച്ചുകൊണ്ട് ആഹ്ലാദത്തോടെ അയാൾ ഉരുവിട്ടു. സൂര്യൻ പൂർണ്ണമായും ഉയർന്നുകഴിഞ്ഞിരുന്നു.
വ്യൂഫൈണ്ടറിൽ കണ്ണുചേർത്ത് ഇരിക്കുന്ന വിനോദിനെ ശ്രദ്ധിച്ചുകൊണ്ട് മൄദുല നിൽക്കേ കുളത്തിൽ എന്തോ വലിയ ശബ്ദത്തോടെ വന്നുവീണു. മൈനകളാണ്. രണ്ടെണ്ണമുണ്ട്. അവ കുളിക്കുകയാണെന്ന് അവൾക്കു തോന്നി.
വിനോദ് തിരക്കിട്ട് ക്യാമറ കുളത്തിലേക്കു തിരിച്ചതു കണ്ടപ്പോൾ മൃദുല ജലത്തിലേക്കു സൂക്ഷിച്ചുനോക്കി. ഇത്തവണ അവൾക്ക് മൂന്നു മൈനകളെ കാണാൻ കഴിഞ്ഞു.
മൈനകൾ ചേർന്ന് മൈനയെ മുക്കിക്കൊല്ലുകയോ!
വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ മേൽ മറ്റു രണ്ടെണ്ണം കയറിയിരിക്കുകയാണ്. മൈനകളിലൊന്ന് കാലുയർത്തി മുങ്ങുന്നതിന്റെ തല ജലത്തിലാഴ്ത്തുന്നു. മൃദുല ഉറക്കെ കരഞ്ഞുവിളിച്ചുകൊണ്ട് തുരുത്തിൽ നിന്ന് വയലിലേക്കും അവിടെനിന്ന് കുളത്തിലേക്കും ചാടി. മൈനകൾ രണ്ടും പറന്നുപോയി. ശേഷിച്ചത് പറന്നുയരാനാവാതെ നീന്തുകയാണ്. മുട്ടോളം ചെളിയിൽ ഇറങ്ങിനിന്ന് അവൾ അതിനെ കൈനീട്ടിയെടുത്ത് വയലിലേക്കു വെച്ചു.
'നശിപ്പിച്ചല്ലോ….' അയാൾ മുരളുന്നത് കുളത്തിൽനിന്നു കയറുമ്പോൾ മൃദുല കേട്ടു.
ആശ്ചര്യത്തോടെ അവൾ അയാൾക്കു നേരെ മുഖം തിരിച്ചു. അയാളുടെ മുഖത്ത് അരിശം കത്തുകയായിരുന്നു.
'ആവശ്യമില്ലാത്ത കാര്യത്തിനു ഇറങ്ങീട്ടല്ലേ…….പോയി ചളി കഴുക്' തോടിനു നേരെ കൈചൂണ്ടി അയാൾ പറഞ്ഞു.
'യന്ത്രങ്ങളുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നവർ യന്ത്രസമാനരായിത്തീരും." തോടിനു നേരെ നടക്കുന്നതിനിടയിൽ മൃദുലയുടെ ഓർമ്മയിൽനിന്ന് ഒരു വചനം വെളിപാടുപോലെ ഉയർന്നുവന്നു.
ഇത് കൺഫ്യൂഷ്യസിന്റെ നിരീക്ഷണം; വർഷങ്ങൾക്കുമുമ്പ് കൊളേജ് ലൈബ്രറിയിലെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തിൽ മൃദുല കണ്ടെത്തിയ 'കൺഫ്യൂഷ്യസിന്റെ വചനങ്ങൾ' എന്ന മലയാളപുസ്തകം അവൾക്കു സമ്മാനിച്ചത്.
സുഗന്ധികളായ പനീർപ്പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടത്തിനകത്ത് നിൽക്കേ ഏതെങ്കിലും ഒരു പൂ മാത്രം കാഴ്ചക്കാരന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നത് എന്തു കാരണത്താലാണ്?....ഗുരുവിന്റെ ഈ വചനത്തിന്റെ പ്രത്യേകതയെന്തെന്ന് മൃദുലയ്ക്കറിയില്ല. രണ്ടായിരത്തോളം വർഷങ്ങൾക്കപ്പുറമിരുന്നാണ് ഗുരു ഈ വചനം ഉരുവിട്ടതെന്ന കാര്യം അവൾ വിസ്മയത്തോടെ ഓർത്തിട്ടുണ്ട്. അത് ലഘു ഘടനകളുള്ള യന്ത്രങ്ങളുടെ കാലം. അവ തന്നെ എണ്ണത്തിൽ കുറവ്. മനുഷ്യമനസ്സിനെ യന്ത്രങ്ങൾ സ്വാധീനിക്കുന്നതിനെച്ചൊല്ലി വ്യാകുലപ്പെടാനുള്ള സ്ഥിതിവിശേഷം അന്നുണ്ടായിരുന്നില്ല. അതിനാൽ ഗുരു തന്റെ കാലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നില്ല; വരാനിരിക്കുന്ന യന്ത്രവാഴ്ചയുടെ കാലത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നുവെന്നാണ് മൃദുലയ്ക്ക് തോന്നിയിട്ടുള്ളത്.
       കൺഫ്യൂഷ്യസിന്റെ ഈ വചനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് മൃദുല ഗൗരവത്തോടെ ചിന്തിക്കുവാൻ തുടങ്ങിയത് ഒരു സായാഹ്നത്തിലായിരുന്നു. വീടിനുതൊട്ടുള്ള ഫ്ലവർമില്ലിന്റെ തറയിൽനിന്ന് രക്തം കഴുകിക്കളയുകയായിരുന്നു അവൾ. മൃദുലയുടെ അച്ഛ്ൻ അന്നേരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
  പ്രഭാതത്തിൽ അച്ഛനുള്ള പതിവു ചായയും പലഹാരവും കൊണ്ട് മൃദുല മില്ലിനുള്ളിലെത്തുമ്പോൾ അച്ഛൻ അരിയോ ഗോതമ്പോ പൊടിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ചായയും പലഹാരവും മേശപ്പുറത്ത് അടച്ചുവെച്ച് അവൾ തിരിച്ചു പോന്നു. പത്തോ പതിനഞ്ചോ മിനുട്ടിനു ശേഷം 'മോളേ മൃദുലേ'…..യെന്നുള്ള അച്ഛന്റെ നിലവിളി അടുക്കളയിലായിരുന്ന അവൾ കേട്ടു.
മൃദുല ഓടിയെത്തുമ്പോൾ പൊടി നിറച്ച സഞ്ചികൾക്കിടയിൽ കിടന്നുപുളയുകയായിരുന്നു അച്ഛൻ. മുഖം നിറയെ ചോരയായിരുന്നു. ചോരപുരണ്ട മെഷ്യൻപ്ലേറ്റ് ശിരസ്സിനരികെ ഉണ്ടായിരുന്നു. എഴുന്നേറ്റിരിക്കാൻ സഹായിക്കുന്നതിനിടയിലാണ് അച്ഛന്റെ നെഞ്ചിൽ തറഞ്ഞുനിൽക്കുന്ന ഉരകല്ലിന്റെ തുണ്ട് അവളുടെ കണ്ണിൽപ്പെട്ടത്. മില്ലിനകത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രൈൻഡറിന്റെ ഭ്രാന്തശബ്ദത്തെ
തോല്പിച്ചുകൊണ്ട് ഒരൊറ്റ തവണ നിലവിളിച്ച് അവൾ ബോധരഹിതയായി.
തറയിലെ രക്തക്കറയ്ക്കുമേൽ സോപ്പുപൊടി വിതറി ഉരച്ചുകഴുകുന്നതിനിടയിൽ മൃദുല ഗുരുവിന്റെ വചനത്തേയും അച്ഛനേയും കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി.
പൊടിപിടിച്ചു കിടക്കുന്ന ഈ പഴഞ്ചൻ യന്ത്രങ്ങൾ അച്ഛനിൽ എന്തു മാറ്റമാണുണ്ടാക്കിയത്? പതിനഞ്ചു കൊല്ലമെങ്കിലുമായിക്കാണും അച്ഛനും ഈ യന്ത്രങ്ങളും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്.
   കുനിയമ്മത്തൂരിനടുത്ത് നഗരപ്രാന്തത്തിൽ നായ്ക്കളും മനുഷ്യരും കഴുതകളും ഇഴുകിക്കഴിയുന്ന ഒരു ഇടുങ്ങിയ തെരുവിന്റെ ഓർമ്മ അവൾക്കുണ്ടായി. നന്നേ കുഞ്ഞായിരുന്ന കാലത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ഗോത്രജീവിതത്തിന്റെ ഗന്ധം അവൾക്ക് അനുഭവപ്പെടാറുള്ളതാണ്.
തെരുവോരത്ത് മൃദുലയുടെ അച്ഛന് ചെറിയൊരു പലചരക്കുകട ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കടയിൽ നിറഞ്ഞ ബഹളം. ആകടുത്ത നിറങ്ങളിലുള്ള ചേലകളുടുത്ത സ്ത്രീകളും കുട്ടികളും. അവർ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അച്ഛനും അമ്മയും കടയ്ക്കകത്ത് കച്ചവടത്തിന്റെ തിരക്കിൽ വിയർക്കുകയായിരിക്കും.
കടവിറ്റ് നാട്ടിലേക്കു പോരുമ്പോൾ അച്ഛൻ കൂടെ കൊണ്ടുവന്നവയായിരുന്നു മില്ലിനകത്തുള്ള യന്ത്രങ്ങളൊക്കെയും. കടയുടെ സമീപത്ത് കൊല്ലങ്ങളായി അടഞ്ഞുകിടന്നിരുന്ന മില്ലിൽ ഉണ്ടായിരുന്ന ആ യന്ത്രങ്ങൾ തനിക്ക് തീരെ ചെറിയൊരു തുകയ്ക്കാണ് കിട്ടിയതെന്ന് അച്ഛൻ പറയുന്നത് മൃദുല കേട്ടിരിക്കുന്നു.
  നാട്ടിലെത്തിയതിനു ശേഷമുള്ള പതിനഞ്ചു വർഷക്കാലം അച്ഛൻ മില്ലിനകത്തു തന്നെയായിരുന്നു. അച്ഛനിൽ ഇക്കാലം കൊണ്ടുണ്ടായ മാറ്റങ്ങളെന്താണ്?.....മൃദുല ചിന്തിച്ചുകൊണ്ടേയിരുന്നു.
   ഗുരു പറയുന്ന രീതിയിലുള്ള യന്ത്രസമാനതയിലേക്കുള്ള പരിണാമം ചെറിയ അളവിലെങ്കിലും അച്ഛനിൽ ഉണ്ടായതായി അവൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല. അച്ഛന്റെ കാര്യത്തിലെങ്കിലും ഗുരുവിന്റെ പ്രവചനം തെറ്റിപ്പോയിരിക്കുന്നുവെന്ന് അവൾക്കു തോന്നി.
കാലുകളിലും വസ്ങ്ങത്രളിലും പുരണ്ടിരുന്ന ചളി കഴുകിക്കളഞ്ഞ് മൃദുല തിരിച്ചെത്തുമ്പോൾ വിനോദ് വയലിൽ ഇരിക്കുകയായിരുന്നു. പിറകിൽ തുരുത്തിന്റെ മാട്ടത്തും വൃക്ഷക്കൊമ്പുകളിലും ഒട്ടേറെ കാക്കകൾ. അവശത ബാധിച്ച ഇരയാണ്,വേട്ട എളുപ്പത്തിലാവാമെന്ന് കാക്കകൾ കരുതുന്നുണ്ടാവുമെന്ന് മൃദുലയ്ക്ക് തോന്നി.അവൾ മൈനയെ തിരഞ്ഞു.
മൈന വയലിൽ വെയിലുകായുകയാണ്. മൃദുല അടുത്തെത്തുംമുമ്പ് അത് ചിറകുകൾ കുടഞ്ഞു. വിനോദ് ക്യാമറ കണ്ണോടടുപ്പിച്ചു. എന്നാൽ അയാൾക്ക് ക്ലിക്ക് ചെയ്യാൻ കഴിയുംമുമ്പ് അത് ക്യാമറക്കണ്ണിനു മുന്നിൽനിന്ന് ചാടിച്ചാടി അകന്നുമാറി.
'നാശം' മുരണ്ടുകൊണ്ട് ക്യാമറക്കണ്ണുമായി അയാൾ അതിനെ പിന്തുടർന്നു.
മൈനക്കു മുകളിൽ കാക്കകൾ ആർത്തുവിളിച്ചു വട്ടമിട്ടു പറക്കുവാൻ തുടങ്ങിയി. കാക്കകൾ മൈനയെ കൊന്നേക്കുമെന്ന് മൃദുല വേദനിച്ചു. അതിനെ വീട്ടിലേക്കു കൊണ്ടുപോകണമെന്ന് അവൾ ആഗ്രഹിച്ചു.
   അയാൾക്ക് മൈനയുടെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അത് മുളങ്കൂടിനുള്ളിലേക്ക് കയറി. മുള്ളുകളിലൂടെ സുരക്ഷിത സ്ഥാനത്തെത്തി
വിനോദ് ചുറ്റും തിരഞ്ഞ് ഒരു മരക്കമ്പ് കണ്ടെത്തി. അതുകൊണ്ട് മൈനയെ പുറത്തുചാടിക്കാൻ ശ്രമം തുടങ്ങി.
'അതിനെ വിട്ടേക്കൂ. പുറത്തുചാടിയാൽ കാക്കകൾ കൊല്ലും.' മൃദുല തടഞ്ഞുപറഞ്ഞു.
അവളെ രൂക്ഷമായൊന്നു നോക്കിയശേഷം അയാൾ വടി താഴെയിട്ടു.
ക്യാമറയുടെ ലെൻസഴിക്കുമ്പോഴും വിനോദ് അവ്യക്തമായി എന്തൊക്കെയോ മുരണ്ടുകൊണ്ടിരുന്നു. അതു കേൾക്കേ മൈനയുടെ ബുദ്ധിയിൽ മൃദുലയ്ക്ക് ആഹ്ലാദം തോന്നി. കാക്കകളിൽ നിന്ന് അത് സ്വയം രക്ഷപ്പെടുത്തിയല്ലോ! അയാളിൽനിന്നു കൂടി എന്നൊരു അനുബന്ധം അവളുടെ ചിന്തയ്ക്കുണ്ടായി.
വീട്ടിലേക്ക് നടക്കുമ്പോൾ അവൾമൂലം നഷ്ടമായ ഫോട്ടോകളുടെ സാധ്യതയെക്കുറിച്ച് അയാൾ വാചാലനായി. മൃദുലയുടെ മനസ്സ് അപ്പോൾ പഴയ ഗുരുവചനവുമായി വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് തയാറെടുക്കുകയായിരുന്നു.  









2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച










ദൈവത്തിന്റെ മുഖങ്ങള്‍     

ഫാസില്‍                                                                                     കഥ


വിങ്കാസോറുകളെക്കുറിച്ച് തങ്കരാജ് ചിന്തിച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് മഴ വന്നത്. പിശുക്കന്റെ ദാനം പോലെ അത് കുറച്ചു നേരം ചിണുങ്ങിപ്പെയ്തു. പിന്നെ ഇല്ലാതായി.
മഴ അവ്സാനിച്ചപ്പോൾ അയാൾ ബസ്റ്റോപ്പ്  ഷെഡ്ഡിൽനിന്നു പുറത്തിറങ്ങി.വ്യാകുലപ്രകൃതിയാണ്  അയാളെ കാത്തിരുന്നത്. ഷെഡ്ഡിന്റെ ഇരുണ്ട ഗ്ളാസ് ഭിത്തിമൂലം പ്രകൃതിയുടെ ഭാവം ഉള്ളിൽനിൽക്കുന്ന നേരത്ത് അയാൾക്കു കാണാൻ കഴിഞ്ഞിരുന്നില്ല. കാലത്തിന്റെ മഹാവ്യസനങ്ങളപ്പാടെ കണ്മുന്നിൽ എത്തിയ
പോലെ അയാൾക്കു തോന്നി.അത്രക്ക് ഇരുണ്ടുപോയിരുന്നു ഭൂമി. ആകാശത്തുനിന്ന് ചെറുജലകണങ്ങൾ പെയ്യുന്നുണ്ടായിരുന്നു. അതിനെ മഴയെന്നു വിളിക്കാനാവില്ലെന്നു അയാൾക്കു തോന്നി. അയാള്‍   കയ്യിലുണ്ടായിരുന്ന ക്യാരിബാഗിൽനിന്ന് തൊപ്പിയെടുത്ത് തല മറച്ചു. വർഷത്തിൽ ഒന്നോരണ്ടോ തവണയാണ് മരുഭൂമിയിലെ മഴ. നഗരത്തിന്റെ അന്തരീക്ഷത്തിലെ രാസമാലിന്യങ്ങൾ വരെ നിറഞ്ഞതായിരിക്കും മഴവെള്ളം.തലയിൽ വീണാൽ അസുഖം ബാധിച്ചേക്കുമെന്ന് അയാൾ ഭയന്നു.
     അരുതാത്തതെന്തോ സംഭവിച്ചതുപോലെയുണ്ടായിരുന്നു ഭൂമിയുടെ ഭാവം. ഏതോ ദുരന്തത്തിന് ഇരയായതിന്റെ  നടുക്കം   പോ     ലെയെന്ന് അയാൾ ഭൂമിയുടെ ഭാവത്തെ വായിച്ചെടുത്തു .ആകാശത്തിന്റെ കണ്ണുകളിൽ ദുരന്തസാക്ഷ്യത്തിന്റെ
വിഹ്വലനിറങ്ങൾ ചിതറികിടക്കുന്നത് അയാൾ കണ്ടു. 
     വിശപ്പ് അനുഭവപ്പെട്ടപ്പോൾ കയ്യിലുള്ള ക്യാരിബാഗിൽ നിന്ന് ജ്യൂസ്ബോട്ടിൽ പുറത്തെടുത്ത് അയാൾ ഒരുകവിൾ കുടിച്ചു. സമൂന ചവയ്ക്കുമ്പോൾ തന്കരാജിനു  ദൈവത്തിന്റെ മുഖങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടി വന്നു.
     പാലക്കാട് ജില്ലയുടെ അങ്ങേയറ്റത്ത് തമിഴ്നോട് ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമങ്ങളിൽ ഒന്നിലായിരുന്നു തങ്കരാജ് ജനിച്ചതും വളർന്നതും. വീട്ടിൽ മലയാളവും തമിഴും സംസാരിച്ചു വളർന്ന തങ്കരാജിനു പ്രിയം തമിഴു സിനിമകളോടായിരുന്നു.. രജനികാന്തായിരുന്നു പ്രിയതാരം. താനൊരു തമിഴനാണൊ മലയാളിയാണൊ എന്നു ചോദിച്ചാൽ ഇപ്പോഴും അയാൾക്കു ക്രൃത്യമായി ഉത്തരം പറയാനാവില്ല.
 കുഞ്ഞുനാൾ തൊട്ടേ ദൈവത്തിന്റെ മുഖത്തെ സംബന്ധിച്ച് ഒട്ടേറെ സങ്കല്പ്പങ്ങൾ ഉണ്ടായിരുന്നു. വേല്മുരുകന്റെ സ്ത്രൈണത നിറഞ്ഞ കൗമാരമുഖം തൊട്ട് കട്ടബൊമ്മന്റെ കപ്പടാമീശയുള്ള സൂപ്പർമെയില്മുഖം വരെ . വൈവിധ്യമുള്ള ഒട്ടേറെ സങ്കല്പങ്ങൾ ജനിച്ചു വീഴുമ്പോഴേ ഭൂമിയിൽ അയാളെ കാത്തിരിപ്പുണ്ടായിരുന്നു.എന്തുകൊണ്ടാണ് ദൈവത്തിന് ഇത്രയധികം മുഖങ്ങളുണ്ടായതെന്ന് പല തവണ
തങ്കരാജിന് ചിന്തിക്കേണ്ടി വന്നിട്ടുണ്ട്. അത്ര സമര്‍ത്ഥമായ വിചാരങ്ങളായിരുന്നില്ല അവയൊന്നും.വ്യത്യസ്തങ്ങളായ സന്ദർഭങ്ങളിൽ വൈവിധ്യമാർന്ന മുഖങ്ങളിലൂടെ തന്റെ സാന്നിധ്യം മനുഷ്യജീവിതത്തിൽ അറിയിക്കുന്ന ഒരു പ്രതിഭാസമാണ്
ദൈവമെന്നും എത്രയെത്ര മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും പിന്നെയും അനന്തമായ സങ്കല്പങ്ങള്‍ക്ക്  സാധ്യത ബാക്കി കിടക്കുന്നുവെന്നുമുള്ള ഒരു വിചാരത്തിൽ വിശ്വാസം കണ്ടെത്തിയിരിക്കുകയാണ് അയാൾ.
പനയില്‍ നിന്ന് വീണ് അഅച്ഛന്‍ മരിക്കുമ്പോള്‍ തങ്കരാജിന് അഞ്ചു വയസ്സായിരുന്നു. പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ പല മുഖങ്ങളില്‍ പല തവണ ദൈവത്തിനെ കണ്ടിരിക്കുന്നു.എല്ലാ വര്‍ഷവും അവനു പുസ്തകങ്ങള്‍ വാങ്ങി കൊടുത്തിരുന്ന
ബാലന്‍മാഷ്. പല ദിവസങ്ങളിലും ഉച്ചയൂണിന്റെ നേരത്ത് ക്ലാസ്സ്മുറിക്കു പുറത്തിറങ്ങി മാറിനിന്നിരുന്ന അവനെ കണ്ടെത്തി തന്റെ പൊതിച്ചോറിന്റെ ഒരു പങ്കു നല്‍കിയിരുന്ന രേവതിടീച്ചര്‍. സഹപാടിയായിരുന്ന അബൂബക്കര്‍.

ദിവസവും  പ്രഭാതത്തില്‍ തെരുവോരത്ത് ബസ്സിറങ്ങുമ്പോള്‍ തങ്കരാജ് കാണാറുള്ള പാക്കിസ്താകാരനായ വൃദ്ധന്‍, പ്രാവുകള്‍ക്ക് തീറ്റ എറിഞ്ഞുകൊടുക്കുകയായിരീക്കും അയാള്‍. സന്ധ്യകളില്‍ നഗരത്തിലെ പൂച്ചകളെ അന്വേഷിച്ച് ക്യാരിബാഗില്‍ ചെറുമീനുകളുമായി നടക്കുന്ന മനുഷ്യന്‍. നരച്ച മുടി നീട്ടി, ബുള്‍ഗാന്‍താടി വെച്ച അയാള്‍ ബെര്‍മുഡയും ടീഷര്‍ട്ടും ക്യാപ്പുമാണ്  സ്ഥിരമായി  ധരിക്കുന്നത്. ഈ വേഷവും  കാണുന്നത് എന്നും ഇരുട്ടിലാണെന്നതും അയാളെ സംബന്ധിച്ച  ചില  അവ്യക്തതകള്‍ ബാക്കി നിര്‍ത്തുന്നു. അയാള്‍ ഒരു മദ്ധ്യവയസ്ക്കനാണോ വൃദ്ധനാണോയെന്നതാണ്
തങ്കരാജിനെ അലട്ടൂന്ന അവ്യക്തതകളിലൊന്ന്. അയാളുടെ താടിയും മുടിയും നരച്ചതാണെങ്കിലും ശരീരഭാഷ ഒരു വൃദ്ധന്റേതല്ല. മറിച്ച് യുവത്വം വിടാന്‍ കൂട്ടാക്കാത്ത ഒരു മദ്ധ്യവയസ്ക്കന്റേതാണ്. അയാള്‍ ഏതു നാട്ടുകാരനാണെന്ന കാര്യത്തിലാണ് ഇനിയൊരു അവ്യക്തത. അയാളുടെ മുഖം വ്യക്തമായി കാണുന്നത്  വരെയെങ്കിലും ഈ  അവ്യകതതകള്‍
തുടരുക തന്നെ ചെയ്യും.
      ലേബര്‍ക്യാമ്പിന് അല്പമകലെയായി പഴയ അപ്പാര്‍ട്ടുമെന്റ് കെട്ടിടത്തില്‍ ഒരു കൊച്ചുമുറിയില്‍ കാണാറുള്ള അഫ്ഗാനി വൃദ്ധന്‍. തന്തൂരിറൊട്ടിയുണ്ടാക്കലാണ് അയാളുടെ പണി. റൊട്ടി ചുടുന്ന നേരങ്ങളിലെ അയാളുടെ മുഖം.
     ഇനിയുമുണ്ട് നാടു വിട്ട ശേഷം തങ്കരാജ് കണ്ടെത്തിയ ദൈവമുഖങ്ങള്‍. ക്യാരിബാഗില്‍ നിന്ന് ഒരു പാക്കറ്റ് സമൂനയും ജ്യൂസുമെടുത്ത് അയാള്‍ക്ക് നല്‍കി നടന്നു മറഞ്ഞ അറബിയുവാവ്... മാസങ്ങള്‍ക്കു മുന്‍പ് തെരുവോരത്ത് കമ്പനിബസ്സ് കാത്തു നില്‍ക്കുമ്പോള്‍ സന്ധ്യയുടെ ശോണദീപ്തിയെ മുറിച്ചുകൊണ്ട് കയ്യിലൊരു ക്യാരിബാഗുമായി ദൈവം
നടന്നുവന്നു. അന്നേരത്ത് ദൈവം ദൈവം കറുത്ത പര്‍ദ്ദയാണ് അണിഞ്ഞിരുന്നത്. കറുത്ത തുണികൊണ്ട് ദൈവം ശിരസ്സും മുഖവും മൂടിയിരുന്നു. ദൈവത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ മാത്രമേ തങ്കരാജിന്  കാണുവാന്‍ കഴിഞ്ഞുള്ളു. അടുത്തെത്തിയപ്പോഴാവണം ദൈവം അയാളെ കണ്ടത്. പകല്‍ മുഴുവന്‍ ഉഷ്ണക്കാറ്റും പൊരിവെയിലുമേറ്റ് ഇരുണ്ടുപോയ അയാളുടെ കണ്ണയച്ച് ദൈവം ഏതാനു സെക്കന്റുകള്‍ നിന്നു. കയ്യിലുണ്ടായിരുന്ന ക്യാരിബാഗ് തനിക്കുനേരെ നീട്ടിയപ്പോഴാണ് തങ്കരാജ് ദൈവത്തിന്റെ സാന്നിധ്യമറിഞ്ഞത്.
     ''ശുക്രന്‍'' ദൈവത്തിന്റെ കണ്ണുകളിലേക്കു നോക്കി അയാള്‍ നന്ദി പറഞ്ഞു. 
      അന്നോളം അയാള്‍ കഴിച്ചിട്ടില്ലാത്ത സ്വാദിഷ്ടമായ വിഭവങ്ങളായിരുന്നു ലബനീസ്ബേക്കറിയില്‍ നിന്നുള്ള ആ
ബാഗില്‍ ഉണ്ടായിരുന്നത്. അത് അയാള്‍ റൂമില്‍ കൊണ്ടുപോയി പങ്കുവച്ചു കഴിച്ചു. ഉറങ്ങുവോളം അയാളുടെ മനസ്സുനിറയെ ദൈവത്തിന്റെ തിളക്കമുറ്റ കണ്ണുകള്‍ മായാതെ നില്പുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞപ്പോള്‍ തങ്കരാജ് തന്‍റെ ജോലികളിലേക്കു തിരിഞ്ഞു. മഴ തുടങ്ങുമ്പോള്‍ അയാള്‍ തെരുവോരത്ത് വാരിയിട്ടു നില്‍ക്കുന്ന പൂച്ചെടികള്‍ പറിച്ചു മാറ്റുകയായിരുന്നു. കഷ്ടിച്ച് അര കിലോമീറ്റര്‍ നീളത്തില്‍ തെരുവിന്റെ ഇരുപുറത്തും അവ പറിച്ചുമാറ്റുക അയാളുടെ ഇന്നത്തെ ഡ്യുട്ടി യില്‍പ്പെട്ടതാണ് . ആ പ്രദേശമാണ് അയാളുടെ തൊഴിലിടം. അവിടെ തെരുവിന് ഇരുപുറത്തും ഡിവൈഡറിലുമുള്ള പുല്ലും ചെടികളും നനച്ചുവളര്‍ത്തി പരിപാലിക്കേണ്ടത്  അയാളുടെ ജോലിയാണ്. ചെടികള്‍ മുരടിച്ച് പൂക്കളുണ്ടാവാതെ വരുമ്പോള്‍ , ഉള്ള പൂക്കള്‍ വിളറി കൊഴിയുവാന്‍ തുടങ്ങുമ്പോള്‍ അവ പറിച്ചു കളയേണ്ടതും അയാളാണ്. വീണ്ടും മണ്ണ് ഒരുക്കുന്നതിനും മണ്ണില്‍ പോഷകങ്ങള്‍ ചേര്‍ക്കുന്നതിനും കമ്പനിയില്‍നിന്ന് ആളുകളെത്തും. 
                 താന്‍ പറിച്ചുമാറ്റി വെക്കുന്ന ചെടികളെക്കുറിച്ചു അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു. നാട്ടിലെ ശവംനാറികളാണ്. അവ മരുഭൂമിയിലെ മണ്ണിലും കാലാവസ്ഥയിലും കാണപ്പെടുന്നവയല്ല. ഹൈബ്രീഡ് ഇനമായതുകൊണ്ട് ചെടിമൂടി പൂക്കളുണ്ടാവുന്നു. മെലിഞ്ഞ ഉടലുള്ള സുന്ദളെ ഓര്‍മിപ്പിക്കുന്ന ശവംനാറിയ്ക്ക്  രണ്ടടിയോളം ഉയരമുണ്ടാവാറുണ്ട്. ഇവിടെ കഷ്ടിച്ച് അരയടിയേ പൊക്കമുള്ളു. ഇലകള്‍ ഇത്തിരി ചെറുതായിട്ടുണ്ട്. പക്ഷേ വിങ്കാറോസ് എന്ന മനോഹരമായ  പേരുണ്ട്. നാട്ടില്‍ ആര്‍ക്കും വേണ്ടാത്ത ചെടിയാണ് ഈ മഹാനഗരത്തിന്റെ തെരുവോരങ്ങളെ അലങ്കരിക്കുന്നത്. ആഴ്ചകള്‍ നീണ്ട ജീവിതം. പുഷ്പിക്കാതാവുമ്പോള്‍ , മുരടിച്ച് ഇലകളും പൂക്കളും വിളറിത്തുടങ്ങുമ്പോള്‍ പറിച്ചുമാറ്റപ്പെടുന്നു.    

ശവംനാറി യെക്കുറിച്ചുള്ള ചിന്ത അയാളെ സ്വന്തം ജീവിതത്തിലേക്കു കൊണ്ടുപോയി. ഈ മഹാനഗരത്തില്‍ പകല്‍മുഴുവന്‍ തെരുവോരങ്ങളിലും വര്‍ക്ക്സൈറ്റുകളിലും പുറംപണികളില്‍ മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന്  ആളുകളുണ്ട്. അവരില്‍ ഒരാളാണ് താനെന്ന് അയാള്‍ ഓര്‍ത്തു. കൊടുംചൂടും വരണ്ട കാറ്റും കടുത്ത തണുപ്പുമേറ്റ്  പരുക്കനായിപ്പോയ തന്‍റെ തൊലിയിലേക്ക് അയാള്‍ കണ്ണയച്ചു. 
   സത്യം,ഈ നിലയില്‍ കണ്ടാല്‍ എന്റെയമ്മ തിരിച്ചറിയില്ല. അയാള്‍ സ്വയം പറഞ്ഞു.
മകന്‍ പണമുണ്ടാക്കി തിരിച്ചെത്തി വിവാഹവും കഴിച്ച്  കുട്ടികളുമൊക്കെയായി തന്നോടൊത്ത് താമസിക്കുന്നതിനെക്കുറിച്ച്  അമ്മ എപ്പോഴും സ്വപ്നം കാണുന്നു. ഫോണ്‍ ചെയ്യുമ്പോള്‍ അമ്മ ഇടയ്ക്കിടെ അതേക്കുറിച്ച് പറയുന്നു. അമ്മയുടെ സ്വപ്നം മുറിക്കേണ്ട എന്നു കരുതി തന്‍റെ ജീവിതത്തെക്കുറിച്ച് അയാള്‍ ഒന്നും പറയുവാന്‍  മുതിരാറില്ല. ഒറ്റ മകനായതു കൊണ്ടാവണം മകന്‍ മുതിര്‍ന്നിട്ടും അമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉറവയിപ്പോഴും ശക്തമായിത്തന്നെ നിലനില്‍ക്കുന്നത്. 
  എന്നാല്‍ തന്‍റെ കാര്യമോ?
 മുപ്പതുമാസത്തിലധികമായി അമ്മയെ കണ്ടിട്ട്. നാട്ടില്‍ നിന്നെത്തിയ നാളുകളില്‍ അമ്മ അതിശക്തമായ ഒരു നഷ്ടമായി, സങ്കടമായി മനസ്സിലുണ്ടായിരുന്നു.ഇപ്പോള്‍ അത് അത്ര ശക്തമല്ലെന്ന് അയാള്‍ക്ക്‌ തോന്നി.
' ഞാനും വേരുകളോടെ പിഴുതുമാറ്റപ്പെട്ട ഒരു ചെടിയാണ്.' അയാള്‍ സ്വയം പറഞ്ഞു.
തന്‍റെ വേരുകളിപ്പോള്‍ ഒരു അന്യ ഭൂമിയിലാണ്. മരുഭൂമിയിലെ രൂക്ഷലവണങ്ങള്‍ തന്റെയുള്ളിലെ നനവിന്റെ ഉറവുകളെയൊക്കെ ഉണക്കിക്കളയുകയാണോ?
              പെട്ടെന്നുള്ള ഒരു ഉള്‍പ്രേരണയാല്‍ അയാള്‍ എഴുന്നേറ്റുനിന്ന്‍  മഹാനഗരത്തിന്റെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെ കണ്ണയച്ചു. സൂര്യനില്ലാത്ത ഇരുണ്ട അന്തരീക്ഷത്തില്‍ ,കോടയുടെ നേര്‍ത്ത ആവരണത്തിനുള്ളിലെന്ന പോലെ കെട്ടിടനിരകള്‍ . വേര്‍പാടുകളുടെ, നഷ്ടങ്ങളുടെ മഹാദുഃഖം അനുഭവിക്കുന്നവരാണ് ആ കെട്ടിടങ്ങളില്‍ താമസിക്കുന്ന മനുഷ്യരില്‍ അധികം പേരുമെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ അവരില്‍ പലരും അനുഭവിക്കുന്ന വേര്‍പാടുകളുടെ, സ്നേഹനഷ്ടങ്ങളുടെ വിലയെന്നോണം ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെങ്കിലുമുണ്ട്. തനിക്കോ? അയാള്‍ ചിന്തിച്ചു കൊണ്ടിരുന്നു. രണ്ടരവര്‍ഷം  പണിയെടുത്തിട്ടും തീരെ തുച്ഛമായ ഒരു തുകയാണ് മിച്ചം പിടിക്കുവാന്‍ കഴിഞ്ഞത്.
             മുപ്പതു മാസങ്ങള്‍ക്കുള്ളില്‍ താന്‍ ഉടലില്‍ സഹിച്ച ക്രുദ്ധമായ പകലുകളെയും മനസ്സില്‍ അനുഭവിച്ച വ്യസനസന്ധ്യകളെയും അയാള്‍ ഓര്‍ത്തു. ജീവിതത്തിന്‍റെ വര്‍ണശഭളിമ കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരത്തിനു നടുവില്‍ ഞാനിതാ ഒരു നിറമില്ലായ്മയായി നില്‍ക്കുന്നു. സമൃദ്ധിയുടെ നടുവില്‍ ഞാനിതാ ഇല്ലായ്മയുടെ ആള്‍രൂപമായി നില്‍ക്കുന്നു. ജീവിതം എനിക്കു ചുറ്റിലും ഇരമ്പിപ്പായുകയും ഉല്ലാസനൃത്തം ചവിട്ടുകയും ചെയ്യുന്നു.....അയാള്‍ നെഞ്ചില്‍ വിലപിക്കുവാന്‍ തുടങ്ങി.
              അപ്പോള്‍ ഇരുണ്ട ആകാശച്ചെരുവിനെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നല്‍ പുളഞ്ഞു. പിറകെ ഭൂമിയെ പ്രഹരിച്ചുകൊണ്ട് ഇടിനാദമുയര്‍ന്നു. വീണ്ടും മിന്നല്‍പ്പിണരുകള്‍ , ഇടിമുഴക്കം........മഴ  വീണ്ടും ചിണുങ്ങിപ്പെയ്യുവാന്‍ തുടങ്ങി. 
              ബസ്‌ സ്റ്റോപ്പ്‌  ഷെഡ്‌ഡിലേക്ക്  പോയാലോയെന്ന് അയാള്‍ ചിന്തിച്ചു. പക്ഷേ  അടുത്തുള്ള ഗഫ് മരത്തിന്റെ ഇലക്കൂടാരത്തിനു കീഴിലേക്ക് മാറിനില്‍ക്കുകയാണ് ചെയ്തത്. 
             മഴയെ വകവെക്കാതെ തെരുവോരത്തൂടെ നടന്നുവരികയായിരുന്നു ദൈവം. ഇത്തവണ ഉദാരനാവുന്നതിനു മുമ്പുതന്നെ തങ്കരാജ് ദൈവത്തെ തിരിച്ചറിഞ്ഞു. കറുത്ത ഖന്തൂറയായിരുന്നു ദൈവത്തിന്റെ വേഷം. നരച്ച കോലന്‍മുടി നിറഞ്ഞ ശിരസ്സ് നഗ്നമായിരുന്നു.ഗഫ് മരത്തിന്  അരികിലെത്തിയപ്പോള്‍ ദൈവം നിന്നു. നരച്ച പുരികങ്ങള്‍ക്കു കീഴെ     റൊട്ടി ചുടുന്ന അഫ്ഗാനി വൃദ്ധന്റേതു പോലുള്ള കണ്ണുകളില്‍ നിന്ന് സ്നേഹത്തിന്റെ ദീപ്തിയുയര്‍ന്നുവന്നു. 
'മഴ നനയുന്നതെന്തിനാണ് ?' ദൈവം ചോദിച്ചു.
'താങ്കളെന്തിനു മഴ കൊള്ളുന്നു?'  ഒരു മറുചോദ്യം അയാളുടെയുള്ളില്‍ ഉയര്‍ന്നു താഴ്ന്നു.
 അയാള്‍ ദൈവത്തിന്റെ മുഖത്തേക്ക്  കണ്ണയച്ചുനിന്നു. ദൈവത്തിന്റെ നരച്ച താടിരോമങ്ങളില്‍ നിന്ന്‍  ജലകണങ്ങള്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു.
'മഹാനഗരത്തിന്റെ  ഉദ്യാനപാലകാ......എനിക്കിപ്പോള്‍ നിന്നോട് അസൂയ തോന്നുന്നു. വരണ്ട മണല്‍മാത്രം കാഴ്ചയായുണ്ടായിരുന്ന ഈ പ്രദേശം ഇപ്പോഴും എന്‍റെ ഓര്‍മ്മയിലുണ്ട്. ഈ പൂച്ചെടികളും പുല്‍ത്തകിടികളും   തണല്‍മരങ്ങളുമാണ്  ഈ നഗരത്തിലെ ജീവിതം സഹ്യമാക്കുന്നത്. ഇതിലെ കടന്നുപോവുന്നവരുടെ കണ്ണുകളില്‍ തെളിയുന്ന ആനന്ദത്തിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ ഉദ്യാനപാലകരോട് നന്ദി പറയുന്നു.'
ദൈവം അയാളുടെ നേരെ കരം നീട്ടി. അയാള്‍ നനമണ്ണു പുരണ്ട തന്‍റെ കൈകളിലേക്കു നോക്കി സങ്കോചത്തോടെ നിന്നു. ദൈവം അയാളുടെ മണ്ണുപുരണ്ട കൈകള്‍ തന്‍റെ കൈകളിലൊതുക്കി. പിന്നെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ ചുംബിച്ചു. അയാള്‍ കണ്ണുകളടച്ച്‌ ദൈവത്തിന്റെ ചുംബനമേറ്റുവാങ്ങി. 
കണ്ണു തുറന്നപ്പോള്‍ ദൈവത്തിന്റെ കറുത്ത ഖന്തൂറ അകലെ ഒരു മിന്നായം പോലെ മറയുന്നത് അയാള്‍ കണ്ടു.