ജാലകം

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

മഴ


              മഴയാണ്. ജനലിനപ്പുറത്ത്  ഇറയോടുകളില്‍നിന്ന് മഴനാരുകള്‍ വെളുക്കെ ചിരിച്ചുകൊണ്ട് മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നു. മുറ്റത്തെ മണലില്‍ മഴയുടെ തിറയാട്ടം. ഓട്ടിന്‍പുറത്ത് മഴ കലാശക്കൊട്ടു കൊട്ടുന്നു. തൈമാവിന്റെ നനയുന്ന ചില്ലകള്‍ കാറ്റില്‍ ഉലയുന്നു.
                മഴയുടെ ലക്ഷണമൊന്നും കണ്ടിരുന്നില്ലല്ലോ. ഇത്ര പൊടുന്നനെ എവിടെനിന്നാണ് കാര്‍മേഘങ്ങള്‍ എത്തിയത് എന്ന് അവള്‍ ചിന്തിക്കേ കാറ്റ് കരുത്തു കാട്ടി. മാവിന്‍ചില്ലകളെ ഒന്നാകെ ഉലച്ചശേഷം പാഞ്ഞുവന്ന് അവളുടെ കവിള്‍ത്തടങ്ങളില്‍ ഈറന്‍ വിരലുകളാല്‍ തഴുകിക്കൊണ്ട് മുറിയ്ക്കകത്തേക്ക് കടന്നുപോയി. ജലകണങ്ങള്‍ മുഖത്തു വീണപ്പോള്‍ അവളൊന്നു പിടഞ്ഞു. ജനലഴികളിലെ പിടിവിട്ട് കുനിഞ്ഞുനിന്ന്‌ അവള്‍ പാവാടത്തുമ്പു കൊണ്ട് മുഖമൊപ്പി. എന്നിട്ടും നേര്‍ത്ത തണുപ്പ് മുഖത്തു ബാക്കിനിന്നു. 
                 ജനലഴികളില്‍ പിടിച്ച് വീണ്ടും അവള്‍ മഴയിലേക്ക്‌ മടങ്ങി. ആക്രമിക്കപ്പെട്ട ഒരു അഭയാര്‍ഥിക്കൂട്ടം പോലെ ശബ്ദകോലാഹലങ്ങളോടെ മഴ ആകാശത്തുനിന്നു ഭൂമിയിലേക്ക്‌ ചിതറിപ്പായുന്നു. കാറ്റ് മഴയുടെ മേളത്തില്‍ ഇടങ്കോലിടുന്നു. മഴയ്ക്ക്‌ ചുവടു പിഴക്കുന്നു. കാരുണ്യത്തിന്റെ  മുഖം മാറ്റിവെച്ച് കാറ്റിനോട് എതിരിടാനായി മഴ കോപം കൊള്ളുന്നു. 
                   പരീക്ഷാഹാളില്‍ ഭൂമിയില്‍നിന്നു ആകാശത്തേക്ക് പെയ്യുന്ന മഴയെ കിനാവുകണ്ട്  ഇരിക്കുന്ന വെളുത്തു കൊലുന്നനെയുള്ള  പെണ്‍കുട്ടിയെ അവള്‍ ഓര്‍ത്തു. കൂട്ടുകാരി പണ്ടെന്നോ എഴുതിയ കഥയിലെ പെണ്‍കുട്ടി. കൂട്ടുകാരിയെന്തേ എഴുത്ത് നിര്‍ത്തുവാനെന്നു ഒരിക്കല്‍ക്കൂടി അവള്‍ സ്വയം ചോദിച്ചു . അവള്‍ക്കു മറുപടി കിട്ടിയില്ല.     മുമ്പൊരിക്കല്‍ കൂട്ടുകാരിയോടുതന്നെ ചോദിച്ചതാണ്. അവളും മറുപടി തന്നില്ല. ഉത്തരമേ ഇല്ലാത്ത ഒരു ചോദ്യമാണ് അതെന്ന് ഇപ്പോള്‍ അവള്‍ക്കു തോന്നി.
                     ഭൂമിയില്‍നിന്നു ആകാശത്തേക്ക് പെയ്യുന്ന മഴ ഒരു പൊട്ടിപ്പെണ്ണിന്റെ കിനാവാണെന്നും അതിനപ്പുറത്ത് കൃത്രിമത്വം ചുവയ്ക്കുന്ന ഒരു തമാശയെന്ന മാനമേ അതിനുള്ളുവെന്നും ചേട്ടന്‍ പറഞ്ഞതുകൊണ്ടാണോ കൂട്ടുകാരി എഴുത്ത് നിര്‍ത്തിയതെന്ന് ഇപ്പോഴവള്‍ സംശയിക്കുവാന്‍ തുടങ്ങി.
                       കൂട്ടുകാരിയെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ വട്ടമെത്തിനിന്നപ്പോള്‍ മഴയില്‍ കുളിക്കുന്ന ചുറ്റുപാടുകള്‍ അവള്‍ കണ്ടു. ഇതുവരെയും കണ്ണുകള്‍ മഴയില്‍ത്തന്നെയായിരുന്നുവെങ്കിലും മഴ കാണുകയുണ്ടായില്ലെന്നു അവള്‍ ഓര്‍ത്തു. അപ്പോള്‍ തൈമാവിന്റെ പച്ചിലപ്പടര്‍പ്പിനുള്ളില്‍നിന്ന് ഒരു മഞ്ഞക്കിളി പുറത്തുവന്നു. അത് ആഹ്ലാദത്തോടെ ചിലച്ചുകൊണ്ട് മഴനാരുകള്‍ക്കിടയിലൂടെ പറന്നകന്നു. കിളിമാഞ്ഞ ദിക്കില്‍  വേലിക്കപ്പുറത്ത് ഒരു തല പതിയെ നീങ്ങുന്നത് അവള്‍ കണ്ടു. ആ തല നോക്കിനില്‍ക്കെ മഴയത്ത് കൂസലില്ലാതെ നടന്നുനീങ്ങുന്ന അതിന്റെ ഉടമയെ അവള്‍ തിരിച്ചറിഞ്ഞു.
                            മഴക്കാലത്ത് ഉണ്ണിക്ക് ജാനുച്ചേച്ചിയില്‍നിന്നു അടി കിട്ടാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അവള്‍ക്കു ഓര്‍മ്മ വന്നു. കുടയെടുക്കുന്ന ശീലം പണ്ട് സ്കൂളില്‍ പോകുന്ന കാലത്തേ ഉണ്ണിക്കില്ല. അവന് പ്രാന്താണെന്നു ചേട്ടന്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു. മഴകൊണ്ട്‌ നടക്കുന്ന പ്രാന്ത്! വേനല്‍ക്കാലത്ത് കുട്ടാടന്‍പാടത്ത്  വെകിളിക്കാറ്റും വെയിലുമേറ്റ് നടക്കുന്ന പ്രാന്ത് !  മഴയും വെയിലും മനുഷ്യര്‍ക്കുകൂടി കൊള്ളാനുള്ളതാണെന്നത്രേ ഉണ്ണി ചേട്ടനോട് പറഞ്ഞത്. 
                               വേലിക്കപ്പുറത്ത്  ഉണ്ണിയുടെ തല കാണാതായപ്പോള്‍ അവള്‍ വീണ്ടും മഴ കാണുവാന്‍ തുടങ്ങി. മഴയ്ക്ക്‌ കരുത്തു കൂടിയിരുന്നു. അലമാരിക്കു മുകളില്‍ പൊടിപിടിച്ചു കിടക്കുന്ന തന്റെ പഴയ ചുവപ്പുകുട തപ്പിയെടുത്തുചൂടി ഇടവഴികളിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്നത് അവള്‍ സങ്കല്പിച്ചുനോക്കി. സ്കൂളില്‍ പോയിരുന്ന കാലത്ത് അങ്ങനെയൊക്കെ നടന്നിട്ടുണ്ട്. ചുറ്റും ആരവത്തോടെ മഴ പെയ്യുമ്പോള്‍, അപ്പോള്‍ മാത്രം ഉറക്കെ പാട്ടുപാടിയിട്ടുണ്ട്. സ്കൂളിനും വീടിനും ഇടയിലുള്ള ഇടിഞ്ഞമര്‍ന്ന വയല്‍വരമ്പുകളിലും ഇടവഴികളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാല്‍പ്പടം കൊണ്ട് പടക്കം പൊട്ടിച്ചിരുന്ന കൊച്ചുടുപ്പുകാരിയെ ഓര്‍ത്തപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു തിളക്കം തെന്നി.
 "നീയിപ്പോ കൊച്ചു കുട്ട്യോന്നല്ല .....ആണ്കുട്ട്യോളായുള്ള ചങ്ങാത്തോക്കെ നിര്‍ത്ത്യെ പറ്റൂ....."
മനസ്സിന്റെ ചക്രവാളങ്ങളില്‍ അരുണിമ പറയുന്നതിനു പിറകെവന്ന ദിനങ്ങളില്‍ ഒന്നിലാണ് കൈവിലങ്ങ് പോലുള്ള വാക്കുകളും അദൃശ്യമായ ഒരു കാല്ച്ചങ്ങലയും അവകാശമായി വന്നതെന്ന്  അവള്‍ ഓര്‍ത്തു. 
                                 കാറ്റ് ഒരിക്കല്‍ക്കൂടി കരുത്ത് കാട്ടിയപ്പോള്‍ ജനല്‍പ്പാളികള്‍ ഒച്ചയോടെ അടഞ്ഞു. അടഞ്ഞ ജനലിനുപിറകില്‍ നില്‍ക്കുമ്പോള്‍ എന്തിനെന്നറിയാതെ അവള്‍ ആ പെണ്‍കുട്ടിയെ ഓര്‍ത്തു; ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് പെയ്യുന്ന മഴയെ കിനാവു കാണുന്ന പെണ്‍കുട്ടിയെ. ‍  ‍
                                                                  
 
         

1 അഭിപ്രായം: