ജാലകം

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഛായാഗ്രഹണം
                                                              

അവർ രണ്ടുപേരും ഒരുമിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വിനോദും ഭാര്യയും. അയാൾ തനിയെ ഇറങ്ങാൻ തുടങ്ങിയതായിരുന്നു. ക്യാമറാകിറ്റ് ചുമലിൽ തൂക്കിയതിനു ശേഷമാണ് കൂടെയിറങ്ങാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിച്ചത്.
'പെട്ടെന്നിറങ്ങണം.' അയാൾ ആവശ്യപ്പെട്ടു.
അവൾ വൈകിക്കുമോ എന്ന ആശങ്ക അയാളുടെ ശബ്ദത്തിലുണ്ടായിരുന്നു. അവൾക്കു അത് മനസ്സിലായെന്നു വേണം കരുതുവാൻ. തിരക്കിട്ട് മുഖം കഴുകിത്തുടച്ച് വീടിന്റെ ലോക്കുമെടുത്ത് അവൾ പുറത്തിറങ്ങി.
ഇരുട്ടു നേർത്ത പുലർകാലത്തിന്റെ വഴി. തെങ്ങിൻതോപ്പുകൾക്കിടയിലൂടെ, ഉറക്കമുണരാത്ത ഇടവഴികൾ ചവിട്ടി അവർ പടിഞ്ഞാറോട്ടു നടന്നു.
രണ്ടു കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു വയൽപ്പരപ്പിലേക്ക് അങ്ങെത്തിയപ്പോഴേക്ക് പുലർകാലം പ്രഭാതത്തിനു വഴിമാറിത്തുടങ്ങിയിരുന്നു. അതുവരെയും അയാൾ ഒന്നും മിണ്ടിയിരുന്നില്ല. അവൾ അത് അറിഞ്ഞുമില്ല. അവൾ…..മൃദുലയെന്ന പെണ്ണ്! ഒരിക്കൽപ്പോലും ഒരു പുലർകാലത്തിലൂടെ നടന്നിട്ടില്ലാത്തവൾ.  പുതിയ അനുഭവം മാത്രം മതിയായിരുന്നു അവൾക്ക് മറ്റെല്ലാം മറക്കാൻ.
വയൽപ്പരപ്പിന്റെ പ്രഭാതഭംഗി അയാളെടുത്ത ഫോട്ടോകളിൽ പലപ്പോഴായി അവൾ കണ്ടിട്ടുണ്ട്. വയലുകൾക്ക് അതിരിടുന്ന തെങ്ങിൻ നിരകളുടെ ഓലത്തുമ്പുകളിലൂടെ ഉദയത്തിനു മുമ്പുള്ള വെള്ളിവെളിച്ചം ഊർന്നിറങ്ങുന്നതും അതു വയലുകളിലേക്ക് ഇറങ്ങിയെത്തി പരക്കുന്നതുമൊക്കെ നേരിൽ കാണണമെന്നു തോന്നുകയാലണ് അവൾ അയാളോടൊപ്പം ഇറങ്ങിത്തിരിച്ചത്.
ഇപ്പോൾ നോക്കൂ……..
ഒഴിഞ്ഞ വയലുകളിലെ വേനൽ വഴി നിറഞ്ഞ പുകമഞ്ഞിന്റെ അവ്യക്ത പ്രഭാതത്തിലൂടെ നീണ്ടുനടക്കുന്ന അയാളെ കാണുന്നില്ലേ?....ഇതാ അവൾ അല്പം പിറകലാണ്. അയാളുടെയൊപ്പം നടക്കുവാൻ അവൾ ശ്രമിച്ചതാണ്. സാധിച്ചില്ല. തനിക്ക് അതിനു കഴിയില്ലെന്നു ബോധ്യമായപ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും തനിക്കും അയാൾക്കുമിടയിലുള്ള ദൂരം അധികരിക്കരുതെന്ന് അവൾ ആഗ്രഹിച്ചു. അങ്ങനെയുണ്ടാകുമോയെന്ന് ഭയക്കുകയും ചെയ്തു.
അയാൾ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുണ്ട്. അയാൾ നോക്കുന്നത് കിഴക്ക് ആകത്തേക്കാണെന്ന് അവൾക്ക് മനസ്സിലായി. ഏതോ മാസികയുടെ ജനുവരി ലക്കത്തിനു മുഖച്ചിത്രമായി ഉദയത്തിന്റെ ഒരു ഫോട്ടോ ആവശ്യപ്പെട്ടിട്ടുള്ളതായി കഴിഞ്ഞ രാത്രിയിൽ അയാൾ പറഞ്ഞിരുന്നുവെന്ന് അവൾക്ക് ഓർമ്മ വന്നു.
വയലുകൾക്ക് നടുവിലുള്ള തുരുത്തിന്റെ മാട്ടം കയറി മൃദുലയെത്തുമ്പോൾ വിനോദ് ക്യാമറയും ലെൻസുകളും പുറത്തെടുത്തു കഴിഞ്ഞിരുന്നു. ഇടയ്ക്കിടെ കിഴക്കനാകാശത്തേക്ക് കണ്ണയച്ചുകൊണ്ട് അയാൾ അവ സെറ്റ് ചെയ്യുന്നതും നോക്കി അവൾ നിന്നു. ക്യാമറ സ്റ്റാണ്ടിൽ ഘടിപ്പിച്ച ശേഷം അയാൾ വ്യൂഫൈണ്ടറിൽ കണ്ണുചേർത്തു.
'മൃദുലാ ഇതെങ്ങനെയുണ്ടെന്നു നോക്ക്' ക്യാമറയ്ക്കു പിന്നിൽനിന്ന് എഴുന്നേറ്റുമാറിയ ശേഷം അയാൾ പറഞ്ഞു.
'എനിക്കെന്തറിയും?' അവൾ ചോദിച്ചു.
'ഒരു കാഴ്ചകണ്ടാൽ നല്ലതോ ചീത്തയോ എന്ന് പറയാനാവുമല്ലോ. അതു മതി.'
ക്യാമറയിൽ തൊടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവൾ കുനിഞ്ഞിരുന്നു.

വ്യൂഫൈണ്ടറിൽ നിറങ്ങളണിഞ്ഞ മേഘത്തുണ്ട്. അതിനു പിറകിൽനിന്ന് ചിതറിയുയരുന്ന ഉദയപ്രകാശം. താഴെ പുകമഞ്ഞിന്റെആവരണമഴിയാത്ത വയലുകൾ. മേഘത്തുണ്ടിനും വയലുകൾക്കുമിടയിൽ അതിർത്തി രേഖ പോലെ തെങ്ങിൻ നിരകൾ…….
മരച്ചില്ലകൾക്കിടയിലൂടെയുള്ള ആ കാഴ്ച അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു.
'നന്നായിരിക്കുന്നു.' ക്യാമറയിൽ നിന്ന് പിൻവലിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
അയാൾ വീണ്ടും ക്യാമറയ്ക്കു പിന്നിൽ ഇരുന്നു, ഫോക്കസ് കൃത്യമാക്കാനുള്ള ശ്രമത്തിൽ മുഴുകി. മേഘത്തുണ്ടിനു പിറകിൽനിന്ന് സൂര്യമുഖത്തിന്റെ ഒരു തെല്ല് കനൽനിറത്തിൽ ഉയർന്നു. വ്യൂഫൈണ്ടറിൽ നിന്നു പിൻവാങ്ങി അയാൾ റിലീസ്ബട്ടൺ അമർത്തി.
അയാൾ വീണ്ടും ക്യാമറ ലോഡു ചെയ്തുകൊണ്ടിരിക്കേ മൃദുലയുടെ ശ്രദ്ധ അടുത്തുള്ള ചെറിയ കുളത്തിലേക്കു വഴുതി. കുളത്തിലെ ജലത്തിൽ വൄക്ഷത്തലപ്പുകളുടെ അവ്യക്തമായ നിഴലുകൾ. തനിക്ക് ഫോട്ടോഗ്രഫി അറിയുമായിരുന്നുവെങ്കിൽ ആ കാഴ്ച പകർത്തുവാൻ
ശ്രമിക്കുമായിരുന്നുവെന്ന് അവൾ വിചാരിച്ചു.
'ഇത് എടുക്കാൻ പറ്റില്ലേ? ' അവൾ ചോദിച്ചു
'ലൈറ്റ് പോരാ' ക്യാമറ സ്റ്റാണ്ടോടെ ഉയർത്തിക്കൊണ്ട് അശ്രദ്ധമായി അയാൾ പറഞ്ഞു.
'മുളങ്കൂട്ടിലെ സൂര്യോദയം' കുളത്തിനടുത്തുള്ള മുളങ്കൂടിനു സമീപം ക്യാമറ സ്ഥാപിച്ചുകൊണ്ട് ആഹ്ലാദത്തോടെ അയാൾ ഉരുവിട്ടു. സൂര്യൻ പൂർണ്ണമായും ഉയർന്നുകഴിഞ്ഞിരുന്നു.
വ്യൂഫൈണ്ടറിൽ കണ്ണുചേർത്ത് ഇരിക്കുന്ന വിനോദിനെ ശ്രദ്ധിച്ചുകൊണ്ട് മൄദുല നിൽക്കേ കുളത്തിൽ എന്തോ വലിയ ശബ്ദത്തോടെ വന്നുവീണു. മൈനകളാണ്. രണ്ടെണ്ണമുണ്ട്. അവ കുളിക്കുകയാണെന്ന് അവൾക്കു തോന്നി.
വിനോദ് തിരക്കിട്ട് ക്യാമറ കുളത്തിലേക്കു തിരിച്ചതു കണ്ടപ്പോൾ മൃദുല ജലത്തിലേക്കു സൂക്ഷിച്ചുനോക്കി. ഇത്തവണ അവൾക്ക് മൂന്നു മൈനകളെ കാണാൻ കഴിഞ്ഞു.
മൈനകൾ ചേർന്ന് മൈനയെ മുക്കിക്കൊല്ലുകയോ!
വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ മേൽ മറ്റു രണ്ടെണ്ണം കയറിയിരിക്കുകയാണ്. മൈനകളിലൊന്ന് കാലുയർത്തി മുങ്ങുന്നതിന്റെ തല ജലത്തിലാഴ്ത്തുന്നു. മൃദുല ഉറക്കെ കരഞ്ഞുവിളിച്ചുകൊണ്ട് തുരുത്തിൽ നിന്ന് വയലിലേക്കും അവിടെനിന്ന് കുളത്തിലേക്കും ചാടി. മൈനകൾ രണ്ടും പറന്നുപോയി. ശേഷിച്ചത് പറന്നുയരാനാവാതെ നീന്തുകയാണ്. മുട്ടോളം ചെളിയിൽ ഇറങ്ങിനിന്ന് അവൾ അതിനെ കൈനീട്ടിയെടുത്ത് വയലിലേക്കു വെച്ചു.
'നശിപ്പിച്ചല്ലോ….' അയാൾ മുരളുന്നത് കുളത്തിൽനിന്നു കയറുമ്പോൾ മൃദുല കേട്ടു.
ആശ്ചര്യത്തോടെ അവൾ അയാൾക്കു നേരെ മുഖം തിരിച്ചു. അയാളുടെ മുഖത്ത് അരിശം കത്തുകയായിരുന്നു.
'ആവശ്യമില്ലാത്ത കാര്യത്തിനു ഇറങ്ങീട്ടല്ലേ…….പോയി ചളി കഴുക്' തോടിനു നേരെ കൈചൂണ്ടി അയാൾ പറഞ്ഞു.
'യന്ത്രങ്ങളുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നവർ യന്ത്രസമാനരായിത്തീരും." തോടിനു നേരെ നടക്കുന്നതിനിടയിൽ മൃദുലയുടെ ഓർമ്മയിൽനിന്ന് ഒരു വചനം വെളിപാടുപോലെ ഉയർന്നുവന്നു.
ഇത് കൺഫ്യൂഷ്യസിന്റെ നിരീക്ഷണം; വർഷങ്ങൾക്കുമുമ്പ് കൊളേജ് ലൈബ്രറിയിലെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തിൽ മൃദുല കണ്ടെത്തിയ 'കൺഫ്യൂഷ്യസിന്റെ വചനങ്ങൾ' എന്ന മലയാളപുസ്തകം അവൾക്കു സമ്മാനിച്ചത്.
സുഗന്ധികളായ പനീർപ്പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടത്തിനകത്ത് നിൽക്കേ ഏതെങ്കിലും ഒരു പൂ മാത്രം കാഴ്ചക്കാരന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റുന്നത് എന്തു കാരണത്താലാണ്?....ഗുരുവിന്റെ ഈ വചനത്തിന്റെ പ്രത്യേകതയെന്തെന്ന് മൃദുലയ്ക്കറിയില്ല. രണ്ടായിരത്തോളം വർഷങ്ങൾക്കപ്പുറമിരുന്നാണ് ഗുരു ഈ വചനം ഉരുവിട്ടതെന്ന കാര്യം അവൾ വിസ്മയത്തോടെ ഓർത്തിട്ടുണ്ട്. അത് ലഘു ഘടനകളുള്ള യന്ത്രങ്ങളുടെ കാലം. അവ തന്നെ എണ്ണത്തിൽ കുറവ്. മനുഷ്യമനസ്സിനെ യന്ത്രങ്ങൾ സ്വാധീനിക്കുന്നതിനെച്ചൊല്ലി വ്യാകുലപ്പെടാനുള്ള സ്ഥിതിവിശേഷം അന്നുണ്ടായിരുന്നില്ല. അതിനാൽ ഗുരു തന്റെ കാലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നില്ല; വരാനിരിക്കുന്ന യന്ത്രവാഴ്ചയുടെ കാലത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നുവെന്നാണ് മൃദുലയ്ക്ക് തോന്നിയിട്ടുള്ളത്.
       കൺഫ്യൂഷ്യസിന്റെ ഈ വചനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് മൃദുല ഗൗരവത്തോടെ ചിന്തിക്കുവാൻ തുടങ്ങിയത് ഒരു സായാഹ്നത്തിലായിരുന്നു. വീടിനുതൊട്ടുള്ള ഫ്ലവർമില്ലിന്റെ തറയിൽനിന്ന് രക്തം കഴുകിക്കളയുകയായിരുന്നു അവൾ. മൃദുലയുടെ അച്ഛ്ൻ അന്നേരത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
  പ്രഭാതത്തിൽ അച്ഛനുള്ള പതിവു ചായയും പലഹാരവും കൊണ്ട് മൃദുല മില്ലിനുള്ളിലെത്തുമ്പോൾ അച്ഛൻ അരിയോ ഗോതമ്പോ പൊടിച്ചെടുക്കുന്ന തിരക്കിലായിരുന്നു. ചായയും പലഹാരവും മേശപ്പുറത്ത് അടച്ചുവെച്ച് അവൾ തിരിച്ചു പോന്നു. പത്തോ പതിനഞ്ചോ മിനുട്ടിനു ശേഷം 'മോളേ മൃദുലേ'…..യെന്നുള്ള അച്ഛന്റെ നിലവിളി അടുക്കളയിലായിരുന്ന അവൾ കേട്ടു.
മൃദുല ഓടിയെത്തുമ്പോൾ പൊടി നിറച്ച സഞ്ചികൾക്കിടയിൽ കിടന്നുപുളയുകയായിരുന്നു അച്ഛൻ. മുഖം നിറയെ ചോരയായിരുന്നു. ചോരപുരണ്ട മെഷ്യൻപ്ലേറ്റ് ശിരസ്സിനരികെ ഉണ്ടായിരുന്നു. എഴുന്നേറ്റിരിക്കാൻ സഹായിക്കുന്നതിനിടയിലാണ് അച്ഛന്റെ നെഞ്ചിൽ തറഞ്ഞുനിൽക്കുന്ന ഉരകല്ലിന്റെ തുണ്ട് അവളുടെ കണ്ണിൽപ്പെട്ടത്. മില്ലിനകത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രൈൻഡറിന്റെ ഭ്രാന്തശബ്ദത്തെ
തോല്പിച്ചുകൊണ്ട് ഒരൊറ്റ തവണ നിലവിളിച്ച് അവൾ ബോധരഹിതയായി.
തറയിലെ രക്തക്കറയ്ക്കുമേൽ സോപ്പുപൊടി വിതറി ഉരച്ചുകഴുകുന്നതിനിടയിൽ മൃദുല ഗുരുവിന്റെ വചനത്തേയും അച്ഛനേയും കുറിച്ച് ചിന്തിക്കുവാൻ തുടങ്ങി.
പൊടിപിടിച്ചു കിടക്കുന്ന ഈ പഴഞ്ചൻ യന്ത്രങ്ങൾ അച്ഛനിൽ എന്തു മാറ്റമാണുണ്ടാക്കിയത്? പതിനഞ്ചു കൊല്ലമെങ്കിലുമായിക്കാണും അച്ഛനും ഈ യന്ത്രങ്ങളും തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട്.
   കുനിയമ്മത്തൂരിനടുത്ത് നഗരപ്രാന്തത്തിൽ നായ്ക്കളും മനുഷ്യരും കഴുതകളും ഇഴുകിക്കഴിയുന്ന ഒരു ഇടുങ്ങിയ തെരുവിന്റെ ഓർമ്മ അവൾക്കുണ്ടായി. നന്നേ കുഞ്ഞായിരുന്ന കാലത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ഗോത്രജീവിതത്തിന്റെ ഗന്ധം അവൾക്ക് അനുഭവപ്പെടാറുള്ളതാണ്.
തെരുവോരത്ത് മൃദുലയുടെ അച്ഛന് ചെറിയൊരു പലചരക്കുകട ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കടയിൽ നിറഞ്ഞ ബഹളം. ആകടുത്ത നിറങ്ങളിലുള്ള ചേലകളുടുത്ത സ്ത്രീകളും കുട്ടികളും. അവർ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അച്ഛനും അമ്മയും കടയ്ക്കകത്ത് കച്ചവടത്തിന്റെ തിരക്കിൽ വിയർക്കുകയായിരിക്കും.
കടവിറ്റ് നാട്ടിലേക്കു പോരുമ്പോൾ അച്ഛൻ കൂടെ കൊണ്ടുവന്നവയായിരുന്നു മില്ലിനകത്തുള്ള യന്ത്രങ്ങളൊക്കെയും. കടയുടെ സമീപത്ത് കൊല്ലങ്ങളായി അടഞ്ഞുകിടന്നിരുന്ന മില്ലിൽ ഉണ്ടായിരുന്ന ആ യന്ത്രങ്ങൾ തനിക്ക് തീരെ ചെറിയൊരു തുകയ്ക്കാണ് കിട്ടിയതെന്ന് അച്ഛൻ പറയുന്നത് മൃദുല കേട്ടിരിക്കുന്നു.
  നാട്ടിലെത്തിയതിനു ശേഷമുള്ള പതിനഞ്ചു വർഷക്കാലം അച്ഛൻ മില്ലിനകത്തു തന്നെയായിരുന്നു. അച്ഛനിൽ ഇക്കാലം കൊണ്ടുണ്ടായ മാറ്റങ്ങളെന്താണ്?.....മൃദുല ചിന്തിച്ചുകൊണ്ടേയിരുന്നു.
   ഗുരു പറയുന്ന രീതിയിലുള്ള യന്ത്രസമാനതയിലേക്കുള്ള പരിണാമം ചെറിയ അളവിലെങ്കിലും അച്ഛനിൽ ഉണ്ടായതായി അവൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞില്ല. അച്ഛന്റെ കാര്യത്തിലെങ്കിലും ഗുരുവിന്റെ പ്രവചനം തെറ്റിപ്പോയിരിക്കുന്നുവെന്ന് അവൾക്കു തോന്നി.
കാലുകളിലും വസ്ങ്ങത്രളിലും പുരണ്ടിരുന്ന ചളി കഴുകിക്കളഞ്ഞ് മൃദുല തിരിച്ചെത്തുമ്പോൾ വിനോദ് വയലിൽ ഇരിക്കുകയായിരുന്നു. പിറകിൽ തുരുത്തിന്റെ മാട്ടത്തും വൃക്ഷക്കൊമ്പുകളിലും ഒട്ടേറെ കാക്കകൾ. അവശത ബാധിച്ച ഇരയാണ്,വേട്ട എളുപ്പത്തിലാവാമെന്ന് കാക്കകൾ കരുതുന്നുണ്ടാവുമെന്ന് മൃദുലയ്ക്ക് തോന്നി.അവൾ മൈനയെ തിരഞ്ഞു.
മൈന വയലിൽ വെയിലുകായുകയാണ്. മൃദുല അടുത്തെത്തുംമുമ്പ് അത് ചിറകുകൾ കുടഞ്ഞു. വിനോദ് ക്യാമറ കണ്ണോടടുപ്പിച്ചു. എന്നാൽ അയാൾക്ക് ക്ലിക്ക് ചെയ്യാൻ കഴിയുംമുമ്പ് അത് ക്യാമറക്കണ്ണിനു മുന്നിൽനിന്ന് ചാടിച്ചാടി അകന്നുമാറി.
'നാശം' മുരണ്ടുകൊണ്ട് ക്യാമറക്കണ്ണുമായി അയാൾ അതിനെ പിന്തുടർന്നു.
മൈനക്കു മുകളിൽ കാക്കകൾ ആർത്തുവിളിച്ചു വട്ടമിട്ടു പറക്കുവാൻ തുടങ്ങിയി. കാക്കകൾ മൈനയെ കൊന്നേക്കുമെന്ന് മൃദുല വേദനിച്ചു. അതിനെ വീട്ടിലേക്കു കൊണ്ടുപോകണമെന്ന് അവൾ ആഗ്രഹിച്ചു.
   അയാൾക്ക് മൈനയുടെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പേ അത് മുളങ്കൂടിനുള്ളിലേക്ക് കയറി. മുള്ളുകളിലൂടെ സുരക്ഷിത സ്ഥാനത്തെത്തി
വിനോദ് ചുറ്റും തിരഞ്ഞ് ഒരു മരക്കമ്പ് കണ്ടെത്തി. അതുകൊണ്ട് മൈനയെ പുറത്തുചാടിക്കാൻ ശ്രമം തുടങ്ങി.
'അതിനെ വിട്ടേക്കൂ. പുറത്തുചാടിയാൽ കാക്കകൾ കൊല്ലും.' മൃദുല തടഞ്ഞുപറഞ്ഞു.
അവളെ രൂക്ഷമായൊന്നു നോക്കിയശേഷം അയാൾ വടി താഴെയിട്ടു.
ക്യാമറയുടെ ലെൻസഴിക്കുമ്പോഴും വിനോദ് അവ്യക്തമായി എന്തൊക്കെയോ മുരണ്ടുകൊണ്ടിരുന്നു. അതു കേൾക്കേ മൈനയുടെ ബുദ്ധിയിൽ മൃദുലയ്ക്ക് ആഹ്ലാദം തോന്നി. കാക്കകളിൽ നിന്ന് അത് സ്വയം രക്ഷപ്പെടുത്തിയല്ലോ! അയാളിൽനിന്നു കൂടി എന്നൊരു അനുബന്ധം അവളുടെ ചിന്തയ്ക്കുണ്ടായി.
വീട്ടിലേക്ക് നടക്കുമ്പോൾ അവൾമൂലം നഷ്ടമായ ഫോട്ടോകളുടെ സാധ്യതയെക്കുറിച്ച് അയാൾ വാചാലനായി. മൃദുലയുടെ മനസ്സ് അപ്പോൾ പഴയ ഗുരുവചനവുമായി വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് തയാറെടുക്കുകയായിരുന്നു.  









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ